ന്യൂഡൽഹി: രാജ്യത്തെ ഇന്ധന വിലവർധനയിലും രൂപയുടെ മൂല്യത്തകർച്ചയിലും എൽപിജി ലഭ്യതക്കുറവിലും മോദിസർക്കാരിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും വിലക്കയറ്റത്തിലേക്കും നീങ്ങുന്നു.
പാചകവാതക സിലിണ്ടറുകളുടെ കടുത്ത ക്ഷാമംമൂലം സാധാരണക്കാർ കരിഞ്ചന്തയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ഇതിനോടകംതന്നെ ഇന്ധനവില രണ്ടുതവണ വർധിപ്പിച്ചുകഴിഞ്ഞു. വരുംദിവസങ്ങളിലും വില ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഇന്ധനവില വർധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലയെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും ബേബി എക്സിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തായിരിക്കുന്പോൾ വൻതോതിലുള്ള ദാരിദ്ര്യത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ ആഭ്യന്തരമായി പ്രശ്നം കൈകാര്യം ചെയ്യാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. അദാനികൾക്കും അംബാനികൾക്കും ട്രംപുകൾക്കും മാത്രം അനുകൂലമായി രൂപകല്പന ചെയ്ത നയങ്ങൾ തൊഴിലാളികളുടെയും കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും താത്പര്യങ്ങൾക്കു വിരുദ്ധമാണ്.
പ്രതിസന്ധിയുടെ മറവിൽ മോദിക്ക് ഒളിക്കാനാകില്ല. ജനങ്ങളുടെ താത്പര്യങ്ങൾക്കു പ്രഥമസ്ഥാനം നൽകി ഇപ്പോൾത്തന്നെ പ്രവർത്തിക്കാൻ തയാറാകണം- എം.എ.ബേബി ആവശ്യപ്പെട്ടു.